മധുരം ഗായത്രി


ഓർമകളാണെനിക്കേറ്റവും വിലപ്പെട്ടത്. കാക്കത്തൊള്ളായിരം കടന്ന ഓർമപ്പുസ്തകത്തിലെ എനിക്കേറ്റവും പ്രിയമുള്ളതൊന്നിന്റെ പേരാണ് നിനക്ക്. എന്നോട് ചേർന്നെപ്പോഴും ചിരിക്കാറുള്ള,  വേദനിക്കാറുള്ള, മിട്ടായി മധുരമുള്ളോർമ


എവിടങ്ങളിൽനിന്ന് നിന്നെ ഓർത്തുടങ്ങണമെന്നതൊരു വലിയ സമസ്യയാണ്. ആദ്യ കാഴ്ചയിൽ എനിക്കൊരടുപ്പവും തോന്നാത്ത, ഒരു നറുചിരി നൽകി കടന്നുപോയ, സാമ്യതകളൊന്നുമില്ലാത്ത നമ്മളിങ്ങനെ ഭ്രാന്തുപിടിച്ചപോലെ ഉള്ളിലേക്കിറങ്ങി വേരുകളാഴ്ത്തിയ കടംകഥയോർത്തു ഞാൻ അതിശയിക്കാറുണ്ട് !


ഒരുപാടൊരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും  ഞാനിത്രയേറെ കലഹിച്ച, പരിഭവിച്ച മറ്റൊരുവളെ എനിക്കോർമ്മയില്ല. പിണക്കങ്ങളേറെയും മിണ്ടിവന്നു നീയെന്നെ തോല്പ്പിക്കുമെന്ന് നിനച്ചായിരുന്നു. ഇടയ്ക്കെപ്പൊഴോ പറഞ്ഞപോലെ, എല്ലാം ഇഷ്ടപ്പെട്ട് സുഹൃത്തുക്കളായവരല്ലലോ നമ്മൾ. സുഹൃത്തുക്കളായതുകൊണ്ട് എല്ലാം ഇഷ്ടങ്ങളായി തീർന്നതല്ലേ. അതിനൊരു വല്ലാത്ത ഭംഗിയുണ്ട്.


കലഹിച്ച്  കലഹിച്ച്  മടുത്തപ്പോൾ വന്ന നീണ്ട ഇടവേളയിൽ, ചൊല്ലിമടുക്കാത്ത നമ്മൾ പിന്നെയെത്ര വിചിത്രരായിരുന്നു. തൊട്ടടുത്ത ശൂന്യതയിൽ  നോവുകുത്തുമ്പോഴും വാശി കാണിച്ച് മുഖംതിരിക്കാറുള്ള കുസൃതിയായിരുന്നു നമുക്ക്. ഇത്രമേൽ നമ്മളകന്നുപോയതെങ്ങനെയെന്നോർത്ത് ചിലനേരം എനിക്ക്  വട്ടുപിടിക്കും. ആ വട്ടുകളിലൊന്നിൽ വെച്ച് എത്ര മനോഹരമായാണ്  നമ്മൾ വീണ്ടും നമ്മളായത്. അവസാനിച്ചിടത്തുനിന്ന് അതേ മനുഷ്യരായ് ബന്ധങ്ങളിൽ തുടരാമെങ്കിൽ ചില ഇടവേളകൾ അതിമനോഹരങ്ങളാണ്.


ഇപ്പോൾ തോന്നുന്നു നമ്മളെവിടെയൊക്കെയോ സാമ്യതയുള്ള മനുഷ്യരാണെന്ന്. കുഞ്ഞു കുഞ്ഞു പിണക്കങ്ങളിൽ മുഖം തിരിക്കാറുള്ള, എങ്ങനെ മിണ്ടിത്തുടങ്ങണമെന്ന് വെപ്രാളപ്പെടാറുള്ള, സ്നേഹം നിറഞ്ഞ  ഉള്ളുകൊണ്ട്  "എനിക്ക്  നിന്നെ ഇഷ്ടല്ലെന്ന് " പറഞ്ഞ് ചൊടിപ്പിക്കാറുള്ള കിറുക്കത്തികൾ. ഈ കിറുക്കുകളൊക്കെയും എനിക്കെന്തിഷ്ടമാണെന്നറിയാമോ !!


നമുക്കിനിയുമിനിയും പിണങ്ങണം, കുശുമ്പുകൂടണം, പിന്നെ മൗനം മുറിഞ്ഞ്  വാക്കുകൾ പൂക്കണം. അങ്ങനെയങ്ങനെ........ ♥️♥️♥️

1 comment:

ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...