കുട്ടിക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിലൊന്ന് സാരിയുടുത്ത് തിടുക്കപ്പെട്ട് സ്കൂളിലേക്ക് പോകുന്ന അമ്മയാണ്. ഒരു കൈയ്യിലെന്റെ കുഞ്ഞിക്കൈയ്യും ചേർത്തുപിടിച് കാണും. വല്ലാത്തൊരഴകാണ് അമ്മയ്ക്കപ്പോൾ. ഞാനതെന്റെ കണ്ണിലിങ്ങനെ നിറയ്ക്കും. സ്കൂളിലെത്തിയാൽ എന്റെ അമ്മയാണെന്ന് വീമ്പുപറയും. വേദികളിൽ പ്രസംഗിക്കുമ്പോൾ കൗതുകത്തോടെ നോക്കിനിൽക്കും. ഉറങ്ങാതെ പുസ്തകങ്ങൾ വായിച്ചിരിക്കുമ്പോൾ ഒരത്തുചെന്ന് പറ്റിച്ചേർന്നുനില്ക്കും. അന്ന് ഞാൻ നിങ്ങളുടെ ഒരു കുഞ്ഞുവലിയ ആരാധികയായിരുന്നു.
പിന്നെയെപ്പോഴോ നമ്മൾ ഒരു ശരാശരി മലയാളി അമ്മയും മകളുമായി. പത്തുമിനിറ്റിൽ കൂടുതൽ സംസാരിച്ചാൽ പത്തലുവെട്ടി അടിക്കണമെന്നുതോനുന്ന, ഒരേകാര്യത്തിൽ രണ്ടും രണ്ടും നാലഭിപ്രായങ്ങളുളള, പിണങ്ങിയിരിക്കാൻ വേണ്ടിമാത്രം പ്രശ്നങ്ങളുണ്ടാക്കുന്ന, വീട്ടിലെ സ്ഥിരം സ്വസ്ഥതക്കേടായി. എങ്കിലും നിങ്ങളെൻെറ ഏറ്റവും പ്രിയപ്പെട്ട ശത്രുവായിരുന്നു. എത്രപിണങ്ങിയിരുന്നാലും എൻ്റെ പേരൊന്ന് വിളിച്ചാൽ തിരിച്ചു പുഞ്ചിരിച്ചുപോകുന്ന എന്തോ ഒരത്ഭുതം നമ്മൾക്കിടയിലുണ്ടായിരുന്നു.
പിന്നെ, പിന്നെ ശബ്ദങ്ങളൊക്കെയും നേർത്തു വന്നു. എപ്പോഴുമുളള വഴക്കിടലുകൾ വല്ലപ്പോഴുമായി. എനിക്ക് നിങ്ങൾ ഞാനാകുവാനുളള ഒരിടം തന്നു. പറക്കുവാനൊരാകാശം തന്നു. സ്വതന്ത്രമായ രണ്ട് ചിറകുകൾ തന്നു. അതിനുമേൽ മോഹത്തിൻ്റെ കുന്നിക്കുരു തന്നു.
സ്നേഹപ്രകടനങ്ങൾക്ക് ഞങ്ങൾക്കെന്നും പിശുക്കാണ്. അവസാനമായി അമ്മയെന്നെ കെട്ടിപ്പിടിച്ചതെന്നാണെന്നുപോലും എനിക്ക് ഓർമ്മയില്ല.
'അമ്മയ്ക്കെന്നെ ഇഷ്ടല്ലെന്ന്' ഞാനിടയ്ക്കിടെ ഇങ്ങനെ പരാതിപറയും. ഒരിക്കൽ വല്ലാതെ സങ്കടപ്പെട്ടിരുന്നൊരു സമയത്ത്, മനസറിഞ്ഞ് അമ്മയെനിക്കൊരു പുസ്തകം തന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുള്ളൊരു പുസ്തകം.
അന്ന് നിങ്ങളെന്നെ ഹൃദയം കൊണ്ട് മുറുക്കെ കെട്ടിപ്പിടിച്ചതുപോലെ തോന്നി.
"അമ്മയ്ക്കെന്നെ എന്തിഷ്ടമാണ്...!!!!!"
അല്ലെങ്കിലും, ഇടമറിഞ്ഞ് ചേർത്ത് പിടിക്കുന്നതുകൊണ്ടാണ് ചില സ്നേഹങ്ങൾക്ക് ഇത്ര ഭംഗി!!!
എത്രതവണ ഞാൻ നിങ്ങളെ അസൂയയോടെ നോക്കിയിരിക്കുന്നെന്നറിയാമോ? ഇത്ര മനോഹരമായി സംസാരിക്കുന്നതിന്. ഇത്ര കരുണ നിറഞ്ഞ കണ്ണുകളുള്ളതിന്. ഇത്ര സ്വത്വമുള്ളൊരു സ്ത്രീയായതിന്. പിന്നെ, ഇങ്ങനെ നിലാവുപോലെ തെളിഞ്ഞതിന്.
ഇരുപത്തിമൂന്നാം വയസിലും നിങ്ങളോട് മത്സരിക്കേണ്ടിവരുന്നു എന്നതുതന്നെയാണ് നിങ്ങളിലെനിക്കേറ്റവും പ്രിയമുള്ളതും.
ഞാൻ വായിച്ചുതീരാത്ത ഒരു വലിയ കഥയാണ് നിങ്ങൾ, ഒരിടത്തൊരിടത്തെന്ന് തുടങ്ങി എത്തിപ്പിടിക്കാനാകാത്ത ആഴങ്ങളിലേക്ക് പറഞ്ഞുപോകുന്ന ഒരു കഥ...
ചിലരൊക്കെ 'അമ്മയെപ്പോലെ പെരുമാറുന്നെന്നും അതേ സംസാരമാണെന്നുമൊക്കെ' പറഞ്ഞുകേൾക്കുമ്പോൾ ഉള്ളിൻെറ ഉള്ളിൽ ഞാനൊരു എട്ടുവയസുകാരിയാവാറുണ്ട്. നിങ്ങളെ ആരാധനയോടെ കണ്ണിൽ നിറച്ചിരുന്ന ഒരു കുഞ്ഞുപെൺകുട്ടി.
ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അമ്മയെ ആയിരിക്കാം. എന്നാൽ, ഏറ്റവും ആരാധിക്കുന്ന സ്ത്രീ നിങ്ങളുടെ അമ്മയാവുക എന്നത് എത്ര മനോഹരമാണെന്നറിയാമോ...?? ❤❤❤

💞
ReplyDelete