എൻെറ ഇടം


ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ഇടം?
ഇന്നലെ ഇൻസ്റ്റഗ്രാമിലൊരു പോസ്റ്റ് വായിക്കുന്നതിനിടെ യാദൃശ്ചികമായി കണ്ണുലുടക്കിയതാണ് ഈ ചോദ്യം.
യാത്രപോയ ഇടങ്ങളോരോന്നും മനസിൽ തെളിഞ്ഞെങ്കിലും അതിൽ പ്രിയപ്പെട്ടതായ്  ഒന്നുംതന്നെയില്ലല്ലോയെന്ന് അതിശയിച്ചുപോയി !!

പിന്നെ, മനസിലൊരിടം നിറഞ്ഞു.
അവിടേക്ക് വലിയ ദൂരമൊന്നുമില്ല.
തൊട്ടടുത്ത വീട്ടിലാണ്.
ആ വീടിന്റെ ഉമ്മറത്താണ്.
മൂന്ന് പെൺകുട്ടികളുടെയും ഒരു കുസൃതിച്ചെക്കൻെറയും ചിരികളുടെ ഇടം.
എൻെറ പ്രിയപ്പെട്ട ഇടം.

പരസ്പരം ആറുവയസ് വ്യത്യാസത്തിൽ വളർന്നുവന്നവരാണ് ഞങ്ങൾ.
സത്യത്തിൽ ഒന്നിച്ചിരുന്ന്  ഒരുപാടൊന്നും പങ്കുവെക്കാനില്ലാത്തവർ.
പക്ഷെ, പറഞ്ഞുതീരാത്തത്ര വിശേഷങ്ങളാണ് ഞങ്ങൾക്കെന്നും.
വർഷങ്ങൾപോകെ, അതിലൊരാൾ  വീട്ടുകാരിയും മറ്റൊരാൾ ജോലിക്കാരിയും ഞാൻ പിജിക്കാരിയും അനിയൻ 
പാഷൻകാരനുമൊക്കെയായി.
എങ്കിലും, അവിടെയിരുന്നാൽ ഞങ്ങളിന്നും അതേ കുട്ടികളാണ്.
ഒരു ഗ്ലാസ് കട്ടൻചായയുമായി മണിക്കൂറുകൾ നീണ്ട കഥപറയുന്ന, 
"പതുക്കെ ചിരിക്ക് കുട്ടികളെ" യെന്ന് അച്ഛമ്മ ഇടയ്ക്കിടെ ശാസിക്കാറുള്ള
അതേ കുട്ടികൾ.

ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ചില മനുഷ്യരുണ്ട്.
നമ്മളെ നമ്മളേക്കാൾ സ്നേഹിക്കാൻ കഴിയുന്ന ചിലർ.
അവരോടൊപ്പമുള്ള ഇടങ്ങളെല്ലാം  പ്രിയപ്പെട്ടതായി തോന്നും.
അവരിലൊരാളില്ലെങ്കിൽ പോലും ഭംഗി കുറഞ്ഞു പോകുന്ന,
ഇടയ്ക്കിടെ തിരിച്ചുപോകണമെന്ന് കൊതിക്കുന്ന,
ഇഷ്ടമുള്ളതുപോലെ സംസാരിക്കാനും, ഇഷ്ടമുള്ളത്രയും സംസാരിക്കാനുമുള്ള ഒരിടം.
അങ്ങനെയൊരിടമുണ്ടാകുന്നതും ഭാഗ്യമാണ്. 

ഞാൻ ഭാഗ്യവതിയാണ്. 
നിങ്ങളോ ? 
ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ഇടം?
അവിടേക്ക് കൂടെക്കൂട്ടാൻ ആരുടെ 
പേരാണ് നിങ്ങൾ ആദ്യം ഓർക്കുക ? 
ആ പേരിനുചുറ്റിലുമാണ് 
നിങ്ങളുടെ സ്വർഗം...❤❤






3 comments:

ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...