സുന്ദരകാണ്ഡം

 


കാടുപൂക്കുന്നപോലെ മനുഷ്യനും പൂക്കും.
സ്നേഹത്തിന്റെ ഈറനുള്ള ചില്ലയിൽ
വസന്തങ്ങളുണ്ടാകും.
കരുണയോടുയിരുകാത്ത വേരുകൾ കഥ പറയും.
ഇതുമൊരു കഥയാണ്.
"ഒരു ഗർഭമുണ്ടാക്കിയ കഥ".

നനഞ്ഞൊരു ജനുവരി മാസം,   
സൈലന്റ് വാലിയിലേക്കുള്ള യാത്രക്കിടെ ആതിരേച്ചി പറഞ്ഞ പച്ചമാങ്ങ മോഹം പോരുംവരെ കളിയാക്കി ചിരിക്കാനുള്ള നേരമ്പോക്കായിരുന്നു ഞങ്ങൾക്ക്.
ദിവസങ്ങൾക്കപ്പുറമൊരു പകൽനേരം ഫോണിൽ തെളിഞ്ഞ രണ്ടുപിങ്ക് വരകളുള്ള  ചിത്രത്തിലേക്ക് നോക്കെ അതിശയം തീരുന്നുണ്ടായില്ലെനിക്ക്. 
ദൃതിയിൽ തിരിച്ചുവിളിച്ചപ്പോൾ,
"എനിക്കിപ്പൊഴും വിശ്വസിക്കാനാവുന്നില്ല ചന്തൂ" എന്നുകേട്ടതും കണ്ണുനിറഞ്ഞൊന്ന് ചിരിച്ചുപോയി.
ചില നേരമ്പോക്കുകൾ അതിലേറെ ഭംഗിയുള്ള നേരുകളാകുമ്പോൾ നമ്മൾ അതിശയിച്ചു പോകും.
ആകാശമിട്ടായി കയ്യിൽ കിട്ടിയ വികൃതികുട്ടിയെപോലെ, 
പറഞ്ഞു പറഞ്ഞു മടുക്കാത്തത്രയും വലിയ അതിശയം!
ആ കുഞ്ഞുകുമ്പയിലെ കുഞ്ഞനുറുമ്പിനോളംപോന്ന ജീവൻ ഈ കഥയോളം പ്രിയമുള്ളതായിരുന്നു ഞങ്ങൾക്ക്. 

ഇത്ര സുന്ദരഗർഭകാലം കിട്ടിയവരുണ്ടാകുമോയെന്ന ആതിരേച്ചിയുടെ ചോദ്യത്തിനരികുപറ്റി എത്രയെത്ര വിചാരങ്ങളിലേക്കാണ് മനസ് കുതിക്കുന്നത്.
ഹോസ്റ്റലിലേക്ക് മാറാൻനിന്ന നാളിൽ,
വാശികാണിച്ചും പിണക്കം നടിച്ചും
എൻെറയൊപ്പം കൂട്ടുമ്പോൾ
ഉള്ളിലത്രയും സ്വന്തമാണെന്ന സ്നേഹമായിരുന്നു.
ബാൽക്കണിയിലിരുന്ന് പാതിരാവോളം കഥപറഞ്ഞും, അമ്മ വീതംവെച്ചതിൽനിന്നേറിയ പങ്ക് കട്ടെടുത്തും, ഇനിയും വീർക്കാത്ത കുഞ്ഞുവയറിലൊന്നുതൊട്ട് "ഇവനിനി എപ്പൊ വളർന്നുവലുതാകുമെന്ന്" പരാതിപ്പെട്ടും തീർത്ത ദിനങ്ങൾ...

ഉണ്ണിവയറിലെ അതിശയം കനക്കവെ
ചുറ്റിലും പരിവർത്തനങ്ങളായി.
കുഞ്ഞുകളിമാറാത്തവരായമാരായും,
കയ്യിൽകിട്ടുന്നതന്തും വായിലെന്ന് ശഠിച്ചവർ ഒരു കൈപ്പിടി മാറ്റിവെച്ചും,
നിലംതൊടാതെ പറന്ന റൈഡർമാർ
നിരത്തിലോടാൻ പഠിച്ചും
ഞങ്ങളുമൊരു ഗർഭായനത്തിലായിരുന്നു.
പൊക്കിൾക്കൊടിയറ്റം നേർത്തനൂലുകൊണ്ട്
ഹൃദയത്തിലീറൻ  മണക്കുന്നൊരോരത്ത് ചേർത്ത്കെട്ടി, 
ചിന്തകളാൽ ഗർഭം ധരിച്ച്,
ഇതുവരെ കാണാത്ത കുഞ്ഞുടലിനെ 'തക്കുടു'വെന്ന് ചൊല്ലി വിളിക്കുമ്പോൾ ഉള്ളാകെ ഞങ്ങൾക്കമ്മ സ്നേഹമായിരുന്നു.
വീർത്തവയറുനോക്കി വിലങ്ങിടാതെ
വിരലറ്റം കോർത്തുനടക്കാൻ കൊതിയായിരുന്നു.

അമ്മവയറുനിറഞ്ഞാൽ ചവിട്ടിക്കുലുക്കി ആശാൻ കുസൃതിക്കുടുക്കയാവും.
ആ നേരംനോക്കി മുഴച്ചുന്തിയ കുഞ്ഞിക്കാലുകളിലൊന്ന് തൊടുമ്പോൾ നെഞ്ചിൽ പഴയൊരു താരാട്ടിന്റെ ഈറനാണ്.
ആദ്യാവസാനം ചേർത്ത്പിടിക്കുമെന്നുറപ്പുള്ളതിനാലാവും 7 ദിവസത്തെ N.S.S ക്യാമ്പിൽപോലും തക്കുടുവോർമ്മകളാണ്.

എട്ടായ്മടങ്ങിയിരിന്നുപോകുന്ന എട്ടാംമാസത്തിലും യാത്രകളിൽ ആതിരേച്ചിയുണ്ട്. 
കരിയാത്തുംപാറയിലെ മഴപെയ്യുന്നൊരു വൈകുന്നേരം, കുറുമ്പുകുത്തി പാഞ്ഞുനടക്കുന്ന ഞങ്ങളെനോക്കി,
കാലൻകുടയ്ക്ക് കീഴെനിന്ന് നിറഞ്ഞ് ചിരിച്ചൊരമ്മമുഖം ഇന്നുമെന്നെ മോഹിപ്പിക്കാറുണ്ട്.
അപ്പോളവരൊരു കടലായിരുന്നു.
സ്നേഹത്തിന്റെ കടൽ !!
അവസാന പരീക്ഷയും കഴിഞ്ഞ് മൂഴിയിലേക്ക് പോരുമ്പോൾ, അസ്വസ്ഥതകൾ മറച്ചുപിടിച്ചും ഒപ്പമിരിക്കാനുള്ള തിടുക്കാമായിരുന്നാ കണ്ണുകളിൽ.
ഞങ്ങളിലേക്ക് മാത്രമായ് ചിന്തകൾ നീളുന്ന നിശബ്ദ സ്നേഹമായിരുന്നവർ.

ഒമ്പതാംമാസം ഒമ്പതുകൂട്ടം പലഹാരമൂട്ടി,
കുപ്പിവളക്കിലുക്കം നിലയ്ക്കാത്തെയാ കൈകൾ കോർത്തെടുത്ത്,  
ആതിരേച്ചിയോട് തൊട്ടുതൊട്ടിരുന്ന മുഖങ്ങൾക്കെല്ലാമന്ന് പഴയൊരു കവിതയുടെ ഛായയുണ്ടായിരുന്നു.
"സ്നേഹത്തിൻ ഫലം സ്നേഹം മാത്രം"

ഉള്ളിലിട്ട് പോറ്റിവളർത്തിയ കുഞ്ഞുനക്ഷത്രം ഭൂമിതൊട്ടപ്പോൾ ആകാശനിറവായിരുന്നു മനസിൽ.
കാത്ത് കാത്തിരുന്ന്,
നിനച്ച് നിനച്ചിരുന്ന് കണ്ടതിനാലാവും
വിശേഷം പറയാൻ അമ്മയെ വിളിച്ചതും
കരച്ചിൽ വന്ന് തൊണ്ടകനത്തുപോയി.
അന്നേരം പേറ്റുനോവറിയാതെ 
എനിക്കൊരു മകനുണ്ടായി !!

ആദ്യമായാ കുഞ്ഞുകയ്യിലെന്റെ വിരൽപിടിച്ചപ്പോൾ നെഞ്ചിലാകെ വാത്സല്യക്കടലിരമ്പി.
അവനെ നോക്കിയിരിക്കെ മനസിലൊരു മുത്തശ്ശികഥ തെളിഞ്ഞു.
അകലെയാകാശത്തെ പൊട്ടുനക്ഷത്രത്തിന് ഭൂമിയിലൊരു പ്രപഞ്ചമൊരുക്കിയ അമ്പത്തിരണ്ട് മനുഷ്യരുടെ കഥ.
അവരുടെ സ്നേഹം.
അവരുടെ നിസ്സീമമായ സ്നേഹം !!

കുഞ്ഞേ, നന്മയുള്ളൊരുടലിലാണ് നീ കുരുത്തത്.
നിൻെറ നിയതിയൊരു പുണ്യമാണ്.
❤❤❤






14 comments:

  1. ആ കുഞ്ഞിക്കൈ തൊടാൻ വെമ്പൽ കൊള്ളുന്ന മനസ്സുകൾക്കായീ മോഹന സ്മരണകൾ പങ്കുവെച്ച ചന്ദനസ്മിതമേ, സഖീ നിനക്കിനി എന്തു വേണം!💛

    ReplyDelete
  2. ഈ 52 അച്ഛനമ്മക്കഥകൾ കേട്ടു മാത്രം അറിഞ്ഞ എൻറെ കണ്ണിലും അമ്മക്കണ്ണീർ✨🥺❤️

    ReplyDelete
  3. ❤️ നല്ലെഴുത്ത്.

    ഒരു നറുപുഞ്ചിരിയിലൂടെ സമഭാവനയുടെ, സാഹോദര്യത്തിന്റെ വസന്തം തീർത്തവൾ...
    നിങ്ങൾ 52 പേർക്കല്ല, ഞങ്ങൾക്കും അവളൊരു തിരുവാതിരയാണ്.

    ലിറ്റിൽ ആദിയുടെ സുകൃതം 💜

    ReplyDelete

ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...