അങ്ങനെ ഒരു ബി.എഡ് കാലത്ത്


 'മനുഷ്യരോളം ഭംഗിയുള്ള മറ്റെന്തുണ്ട്'

ഈ തിരിച്ചറിവിന്റെ അറ്റത്തുനിന്ന് എന്റെ ബി. എഡ് കാലം അവസാനിക്കുകയാണ്.  കൂട്ടിയും കുറച്ചും നോക്കുമ്പോൾ, ഇതൊരു തെറ്റിപ്പോയ കണക്കാണെന്ന് തോന്നുന്നവരുണ്ടാവാം. കടുകട്ടി കരിക്കുലത്തിനോടുള്ള പ്രതിഷേധത്തിലോ, അന്തവും കുന്തവുമില്ലാതെഴുതിനിറച്ച  റെക്കോർഡുകളുടെ നിരാശയിലോ, ഉറക്കമൊഴിഞ്ഞ രാത്രികളുടെ നഷ്ടബോധത്തിലോ ഈ വർഷകാലങ്ങളെ കുരുക്കിയിടുന്നില്ല. ഞാനറിഞ്ഞ കടലാഴമുള്ള മനുഷ്യരെ ചേർത്തുവെച്ച് ഇതെന്റെ സുവർണകാലമായ് അടയാളപ്പെടുത്തുകയാണ്.


ഓർമ്മകൾ സ്നേഹസ്മൃതിയോടെ തുടങ്ങുന്നു.

എന്റേതു കൂടിയെന്ന് ഞാനെഴുതിച്ചേർത്ത ചെറിയ വലിയ മനുഷ്യരിൽ ആദ്യത്തേതിവളാവണമെന്നതൊരു കാവ്യനീതിയാണ്. ഇടയ്ക്ക്, ബാക്ക്സ്റ്റേജിലും എന്റെ വാട്സപ്പ് ചാറ്റുകളിലും ഒതുങ്ങിപോയ നീയിങ്ങനെ ഒരാകാശസ്മൃതിയായ് അരങ്ങൊഴിയുമ്പോൾ ഉള്ളിലെവിടെയോ നിലാവ് പെയ്യുന്നുണ്ട്. ചേച്ചിയെന്നൊറ്റ വിളിയിൽ ഞാനൊരുതരി വാത്സല്യം പേറുന്ന ചഞ്ചലിനൊപ്പം, എന്റെ ഡെൽന സിസ്റ്ററോടൊപ്പം നിയെന്നുമിങ്ങനെ നിറഞ്ഞ് ചിരിക്കുന്നതാണെനിക്കിഷ്ടം.


സ്നേഹംകൊണ്ടെന്നെ അത്ഭുതപെടുത്തിയ മനുഷ്യരിൽ ആദ്യപേര് നിങ്ങളുടേതാവും ആതിരേച്ചി. അന്നൊരു സൂംബപ്രാക്ടീസിനിടെ മിണ്ടിത്തുടങ്ങുമ്പോൾ ഓർത്തുകാണുമോ  ആത്മാവിന്റാഴങ്ങളിലേക്ക് സ്നേഹവേരുകളിറങ്ങി നമ്മളൊരൊറ്റമരമായ് തീരുമെന്ന്. ഇലപൊഴിയുന്നൊരു വേനൽക്കാലത്ത് വരണ്ടുപോകേണ്ടിയിരുന്ന നമ്മളിന്നും നമ്മ ളായിരിക്കുന്നത് സത്യത്തിലൊരു വിപ്ലവം തന്നെയല്ലേ !


കാലത്തിന്റെ ഒഴുക്കിൽ പരസ്പരം മനസിലാക്കുകയെന്ന വിശാലതയിൽവെച്ച്  കണ്ടുമുട്ടിയ പെൺകുട്ടികളാണെൻെറ  ജിൻസയും അമൃതേന്ദുവും. പ്രായത്തിൽ ചെറുതെങ്കിലും, ഉള്ളകത്തെ നോവുമറച്ചു നിങ്ങളീ കാട്ടിക്കൂട്ടുന്ന വട്ടുകൾക്കൊക്കെയും എന്തെന്തു ചേലാണെന്നറിയാമോ. കുറുമ്പുകളിൽ ചെവിപിടിച്ച് പൊന്നാക്കിയിട്ടില്ല.  അനുസരണക്കേടുകളിൽ ചൂരലുകാട്ടി ചൊടിപ്പിച്ചിട്ടുമില്ല.            എങ്കിലുമുള്ളുകൊണ്ട് നിങ്ങളെനിക്ക് കുഞ്ഞുങ്ങളാണ്.


നാളുകളിങ്ങനെ വിരസമായ് പൊയ്ക്കൊണ്ടിരുന്നപ്പോൾ  "ജീവിതം ആസ്വദിക്കാനുള്ളതാണെന്ന"  ടാഗ് ലൈനോടെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ അവസാനരാത്രി ഉറക്കമിളച്ച് കഥപറഞ്ഞൊപ്പം കൂടിയ വിനയശ്രീ, ഒരിരവിനപ്പുറം നീയെന്റെ ആരൊക്കെയോ ആയി മാറിക്കഴിഞ്ഞിരുന്നു. നിന്നോട് ചേർന്ന് നിൽക്കുമ്പോൾ മനുഷ്യർക്ക് ഭംഗി കൂടുന്നുവെന്ന് തോന്നാറുണ്ടെനിക്ക് ! നാവുപിശകില്ലാതെ ഒരുപാട്ടെങ്കിലും പാടാൻ പെടാപ്പാടുപെടുന്ന സ്നേഹശ്രീയും, കുറിക്കുകൊള്ളുന്ന മറുപടിയിൽ കൂട്ടത്തിലെ ആൺപടകളെ ഇരുത്തിയെടുത്തിരുത്തുന്ന അശ്വതിയും, മേലുമുഴുവൻ സ്നേഹം മണക്കുന്ന എന്റെ സ്നേഹയും, ചെന്നൈക്കാരി മോഡേൺ ശ്രീപ്രിയയും, ലീഡർ അനുമോദും, പാവം ഹരിയും, റൈഡർ വൈഷ്ണവുമെല്ലാം തന്ന നല്ല നേരങ്ങളോളം മറ്റെന്തുണ്ട്  എനിക്കിനിയോർക്കാൻ.


ബാല്യത്തിലെന്നോ കണ്ടുമുട്ടേണ്ടൊരുവൻ  ഇരുപതുകളുടെ കലാപക്കെടുതിയിൽ  ഓടിക്കിതച്ചെത്തിയ തോന്നലാണഭീ  നിന്നോട് കൂടുമ്പോഴൊക്കെ. സ്വാർത്ഥതകളില്ലാത്ത,  കണക്കുപുസ്തകങ്ങളില്ലാത്ത, അപ്പൂപ്പൻതാടി പോലൊരു മനുഷ്യൻ. 'നിങ്ങളടിപൊളി കോംബോയാണെന്ന് ' കേൾക്കാറുണ്ടെങ്കിലും നമ്മളെങ്ങനെ ഈ വിധമായെന്ന് എനിക്കിപ്പോഴുമൊരു പിടിയുമില്ല. മിണ്ടാൻ മടിച്ചിരുന്ന നാളുകളിലേക്കോടിച്ചെന്ന് കലപില കൂട്ടി, ജിൻസുവും സ്നേഹയുമൊത്തുള്ള നമ്മുടെ ചിരിയിടങ്ങളിൽ കുരുങ്ങിക്കിടക്കാൻ കൊതിക്കുകയാണ് മനസ്.


ഒത്തിരിയൊന്നും മിണ്ടാറില്ലെങ്കിലും, എപ്പോഴൊക്കെയോ മിഴിയാഴങ്ങളിൽ ഉടക്കിപ്പോയ മുഖങ്ങൾ വേറെയുമുണ്ടെനിക്ക്

കോളേജിലെ ആദ്യദിനം പേരിന്റെ പ്രത്യേകതയൊന്നുകൊണ്ട് എന്റമ്മയ്ക്ക് പ്രിയങ്കരിയായ, പിന്നെന്റെതുകൂടിയായ വൈശാലിയും, അവളോട് ചേർന്ന 'ചന്ദന'ഗന്ധവും, മൈലാഞ്ചിയഴകുള്ള മൂന്നുമ്മച്ചിക്കുട്ടികളും, മുത്തങ്ങ യാത്രയ്ക്കിടെ കഥപറഞ്ഞെന്നെ അതിശയിപ്പിച്ചുകളഞ്ഞ കാവ്യശ്രീയും, ചെറുവിരലറ്റംകൊണ്ടൊന്നു തൊട്ടാലും അതിലൊരു സ്നേഹമുണ്ടെന്നെനിക്ക് തോന്നാറുള്ള സ്നേഹമോളും, കാര്യഗൗരവമുള്ള കെവിനും, കിരണും, പിന്നെ ബിസോൺ നാളിൽ ആർട്സ് കോളേജിലെ ഹിസ്റ്ററി ക്ലാസിലിരുന്ന് എന്റെയും അഭിയുടെയും കഥകേടുകണ്ട് ചിരിച്ചുമറിഞ്ഞ അഖിലയും ഗീതികയും, ഡാർലിംഗ് ശ്യാമളേച്ചിയും, എനിക്ക് മധുരമിട്ടായി ഒളിച്ചുവെക്കാറുള്ള  സ്മിതേച്ചിയും, അക്ഷരപ്പാതയിൽ മുന്നേ നടന്ന രജീഷ് സാറുമെല്ലാം പോയനാളുകളിലെ അത്ഭുതമനുഷ്യരാണ്.

നിങ്ങളെല്ലാം എൻെറയും കൂടിയാണ് !!


പക്ഷെ, എന്റേതുമാത്രമെന്നു നിനയ്ക്കാൻ എനിക്കിപ്പൊഴും നീയൊരുത്തിയല്ലെയുള്ളൂ ഗായത്രി, പിണക്കങ്ങളും പരിഭവങ്ങളും  നേർത്ത് നമ്മളായിരിക്കുമ്പോഴല്ലാതെ ഉള്ളറിഞ്ഞു ചിരിച്ചിട്ടേയില്ല ഞാൻ. നമുക്കുമാത്രം മനസിലാകുന്നൊരു പ്രത്യയശാസ്ത്രമുണ്ടീ സ്നേഹത്തിനല്ലേ ? എൻെറ പ്രിയപ്പെട്ടതുകളിൽ പ്രിയപ്പെട്ടവളേ, നിന്നോളം എന്നെ സ്നേഹിച്ച മറ്റൊന്നുമെനിക്കിതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്റാത്മാവോളമാഴത്തിൽ നിന്നെ ഞാനടയാളപ്പെടുത്തിയിരിക്കുന്നു.


ഈ മനുഷ്യരെയും എന്റെ നല്ലനേരങ്ങളെയും ചേർത്ത് മനസ് നിറഞ്ഞാണിറങ്ങുന്നത്. എത്ര വലുതായെന്നു ചോദിച്ചാൽ നിങ്ങളുടെ ഹൃദയത്തോളമെന്ന് പറയണമെനിക്ക്.

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഓർമ്മകളുടെ തള്ളിക്കയറ്റമാണ്.  എന്തോരം ഭംഗിയുള്ള നേരങ്ങളാണിവിടെ! എത്രയെത്ര നിറമുള്ള മനുഷ്യരാണ്! ആദ്യനാളിലെ 53 പേരുകളുമോർത്തെടുത്ത് പറഞ്ഞ സെൽഫ് ഇൻട്രൊഡക്ഷൻതൊട്ട് ബോറടിച്ചിരുന്ന ജനറൽ ക്ലാസുകളും, ടാസ്‌കിലും പ്രാക്ടിക്കലിലും മുങ്ങിപ്പോയ ഓപ്ഷൻ ക്ലാസും, കണക്കിലില്ലാത്തത്രയും  പരിപാടികൾക്കുവേണ്ടിപ്പെട്ട പെടാപ്പാടും, മുത്തങ്ങ അഡ്വെഞ്ചറും, ടൂറും ക്യാമ്പും സ്കൂളോർമകളുമൊക്കെയായി ഭൂതകലക്കുളിരിങ്ങനെ നീണ്ട്നീണ്ട് പോകുകയാണ്.

കട്ടെടുത്തും കയ്യിട്ടുവാരിയും വയറുനിറച്ച ഉച്ചനേരങ്ങളും, ഊഞ്ഞാലിടത്തെ തമാശക്കാലവും, ബോധിയിലിരുന്ന് പറഞ്ഞുമടുത്ത ദിവാസ്വപ്നങ്ങളും, ക്ലാസുകഴിഞ്ഞുള്ള ചായകുടി സവാരിയുമൊക്കെത്തന്ന മധുരിക്കുന്ന ഓർമകളുടെ വേദനയിൽ പറയട്ടെ, ഇതെൻെറ സുവർണസുന്ദരകാലമായിരുന്നു !


ചിന്തയുടെ ചിരിയറ്റത്തുള്ള പ്രിയപ്പെട്ട മനുഷ്യരെ, നിങ്ങളെ ചേർത്തുവെച്ച് ഞാനീ അദ്ധ്യായത്തിനുപചാരം ചൊല്ലുന്നു. തന്ന അറിവിന്,  തിരിച്ചറിവിന്, നല്ലനേരങ്ങൾക്ക്, ചിരികൾക്ക്, ഒക്കെത്തിനും നന്ദി❤❤❤






9 comments:

  1. കരയിച്ചേ അടങ്ങൂ ല്ലേ ❤

    ReplyDelete
  2. ഇവ൪ക്കിടയില് നിന്റെ എഴുത്തുകളിലൂടെയും ,ചിത്രങ്ങളിലൂടെയും മാത്രം ഞാ൯ കണ്ടുമൂട്ടിയ ചിലരുണ്ട്..💝

    ReplyDelete

ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...